15 May, 2020 05:47:33 PM


ഓണ്‍ലൈന്‍ ക്ലാസുകള്‍: തുടക്കത്തിലേ കല്ലുകടി; രക്ഷിതാക്കള്‍ ആശങ്കയില്‍കോട്ടയം: ഓണ്‍ലൈന്‍ പഠനവുമായി ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കാനുള്ള ശ്രമം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുക്കുന്നത് വന്‍ കെണി. മൊബൈല്‍ ഫോണും ടാബുമൊക്കെ ഉപയോഗിച്ച് ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന പഠനം വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കുന്ന മാനസികസംഘര്‍ഷം ചില്ലറയല്ലെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. കുട്ടികളുടെ ആരോഗ്യസ്ഥിതിയെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നതാണ് ഏറ്റവും വലിയ വിഷയം.


ആന്‍ഡ്രോയിഡ് ഫോണോ മറ്റ് സൌകര്യങ്ങളോ ഇല്ലാത്ത നിര്‍ദ്ദനരായ കുട്ടികള്‍ എങ്ങിനെ ഈ ക്ലാസുകളെ അഭിമുഖീകരിക്കുമെന്നതും മറ്റൊരു വെല്ലുവിളിയാണ്. ഏറ്റവും വലിയ വിഷമവൃത്തത്തിലാകുന്നത് രക്ഷിതാക്കള്‍ ആയിരിക്കുമെന്നതിനും സംശയമില്ല. ഓണ്‍ലൈന്‍ പഠനത്തിനായി ഇന്‍റര്‍നെറ്റ് സൌകര്യം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍  പുതുതായി കണ്ടെത്തേണ്ട വലിയ ഒരു വിഭാഗം തന്നെയുണ്ട്. ലോക്ഡൌണ്‍ നിലനില്‍ക്കുന്ന വേളയില്‍ പണിയില്ലാതെ കഷ്ടപ്പെടുന്ന താഴേക്കിടയിലുള്ളവര്‍ എങ്ങിനെ ഇത് സാധ്യമാകും എന്നതും ചോദ്യമായി അവശേഷിക്കുന്നു. 


വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകള്‍ സജ്ജീകരിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും വിജയപ്രദമായിരിക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടികാട്ടുന്നു. ഡിഷ് ടിവി ഉപയോഗിക്കുന്നവര്‍ക്ക് ഈ ചാനല്‍ ലഭിക്കില്ല. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരില്‍ ചിലര്‍ ലഭ്യമാകുന്നുണ്ടെങ്കിലും എല്ലായിടത്തും കൃത്യമായി ലഭിക്കാറില്ല. വൈദ്യുതിതടസമെ കേബിള്‍ തകരാറോ വന്നാല്‍ പഠനം മുടങ്ങുമെന്നതും പ്രശ്നം തന്നെ.


പത്താം ക്ലാസ് മുതല്‍ ഉയര്‍ന്ന ക്ലാസുകളിലേക്കുള്ള ക്ലാസുകള്‍ ഓണ്‍ലൈനില്‍ ആരംഭിച്ചിട്ട് ആഴ്ചകളായി. ഇവിടെയെല്ലാം കുട്ടികളേക്കാള്‍ ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത് രക്ഷിതാക്കള്‍ തന്നെ. രാവിലെ മുതല്‍ വൈകിട്ട് വരെ നീണ്ടുനില്‍ക്കുന്ന ക്ലാസുകള്‍ക്കിടയില്‍ കുട്ടികള്‍ ഉറങ്ങിപോകാതിരിക്കാനും അവരുടെ ശ്രദ്ധ മറ്റ് വഴിക്ക് തിരിയാതിരിക്കാനും രക്ഷിതാക്കള്‍ ഒപ്പം ഇരിക്കുകയാണ്. മൊബൈല്‍ ഫോണ്‍, ടാബ് ഇവയിലൂടെയാണ് കുട്ടികള്‍ ഏറെയും പഠനത്തിലേര്‍പ്പെട്ടിരിക്കുന്നത്. മൊബൈലും ടാബും പോലുള്ളവ കുട്ടികളില്‍നിന്ന് അകറ്റി നിര്‍ത്തണം എന്നു പറയുന്ന അധികൃതര്‍ തന്നെ ഇപ്പോള്‍ അത് പ്രോത്സാഹിപ്പിക്കാന്‍ നിര്‍ബന്ധിതരായി മാറി എന്നതും മറ്റൊരു വശം.


ക്ലാസ് മുറികളില്‍ ഇരുന്നുള്ള പഠനം പോലെ കുട്ടികള്‍ക്ക് സ്വാതന്ത്ര്യവും ഏകാഗ്രതയും സംശയനിവാരണവും ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ലഭിക്കുന്നില്ല. ഇത് ഇവരുടെ മാനസികസംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നു. ടെലിവിഷന്‍ പോലും 20 മിനിറ്റില്‍ കൂടുതല്‍ കാണരുതെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് അതിലും കൂടുതല്‍ ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്ന മൊബൈലിനും ടാബിനും മുന്നില്‍ കുട്ടികള്‍ മണിക്കൂറുകളോളം കുത്തിയിരിക്കേണ്ടി വരുന്നത്.


ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും മുമ്പ് തന്നെ ഫീസ് അടച്ചുതുടങ്ങുവാന്‍ സ്വകാര്യ സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ലോക്ഡൌണിനെ തുടര്‍ന്ന് ജോലി ഇല്ലാതെ സാമ്പത്തികമായി ഏറെ തകര്‍ന്നിരിക്കുന്ന ഇടത്തരക്കാര്‍ക്ക് സ്കൂള്‍ ഫീസും ഓണ്‍ലൈന്‍ പഠനസാമഗ്രികളും ഇപ്പോള്‍ താങ്ങാനാവാത്ത അവസ്ഥയാണ്. കുട്ടികളുടെ ആരോഗ്യസ്ഥിതിക്ക് മുന്‍തൂക്കം നല്‍കുന്ന രക്ഷിതാക്കള്‍ കമ്പ്യൂട്ടര്‍ വാങ്ങാനാണ് ആഗ്രഹിക്കുക. തീര്‍ത്തും മാര്‍ഗ്ഗമില്ലാത്തവര്‍ മൊബൈലോ ടാബോ എങ്കിലും വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു.


ഇതെല്ലാം എങ്ങിനെയെങ്കിലും കടം വാങ്ങിയാലും ഇനിയാണ് ഏറ്റവും വലിയ പ്രശ്നം. ഇന്‍റര്‍നെറ്റ് കണക്ഷന്‍. ഗ്രാമപ്രദേശങ്ങളില്‍ പലയിടത്തും ഇപ്പോഴും ശരിയായ രീതിയില്‍ ഇന്‍റര്‍നെറ്റ് സംവിധാനം എത്തിയിട്ടില്ല. എങ്ങിനെയെങ്കിലും തരപ്പെടുത്തിയാള്‍ തന്നെ നിലവില്‍ ഉപയോഗിക്കുന്ന സംവിധാനം മതിയാകില്ല. കൂടുതല്‍ വലിയ നിരക്കിലുള്ള ഇന്‍റര്‍നെറ്റ് പാക്കേജുകള്‍ എടുക്കാന്‍ നിര്‍ബന്ധിതരായി തീരും. ഇതോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കൊണ്ട് മൊബൈല്‍ കമ്പനികള്‍ രക്ഷപെടും എന്ന അവസ്ഥയാണ് സംജാതമാകുക. 


സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ ഓണ്‍ലൈന്‍ ട്യൂഷനുമായി ഒട്ടേറെ വ്യക്തികളും സ്ഥാപനങ്ങളും രംഗത്തെത്തി കഴിഞ്ഞു. ഇതോടെ സ്കൂളില്‍ നിന്നുള്ള പഠനത്തോടൊപ്പം സംശയനിവാരണത്തിനും മറ്റുമായി ഓണ്‍ലൈന്‍ ട്യൂഷന്‍കാര്‍ക്കും അടിമപ്പെടേണ്ട സാഹചര്യമാണ് വിദ്യാര്‍ത്ഥികളില്‍ വന്നുചേരുകയെന്നും ചൂണ്ടികാണിക്കപ്പെടുന്നു.Share this News Now:
  • Google+
Like(s): 5.5K